

അമിതമായി ചൂടേൽക്കേണ്ടിവരുന്നത് മൂലം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് ഹീറ്റ്സ്ട്രോക്ക്. ശരീരത്തിന് ചൂട് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ശരീരതാപനില ക്രമാതീതമായി ഉയരുകയും വിയർക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് ഹീറ്റ്സ്ട്രോക്ക് ഉണ്ടാകുന്നത്. താപാഘാതത്തിന്റെ ഏറ്റവും ഗുരുതരമായ രൂപമാണ് ഇത്. ഉടനടി ചികിത്സിച്ചില്ലെങ്കിൽ തലച്ചോർ അടക്കം ശരീരത്തിലെ സുപ്രധാന അവയവങ്ങളെ ഇത് ബാധിക്കും.
ഉയർന്ന ഊഷ്മാവിൽ ദീർഘനേരം ചിലവഴിക്കുന്നതിന്റെ ഫലമായി അല്ലെങ്കിൽ ഉയർന്ന താപനിലയിൽ ശാരീരിക അദ്ധ്വാനത്തിൽ ഏർപ്പെടുന്നത് മൂലമൊക്കെയാണ് ഹീറ്റ്സ്ട്രോക്ക് ഉണ്ടാകുന്നത്. വേനൽക്കാലത്താണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
ഹീറ്റ്‌സ്ട്രോക്ക് ലക്ഷണങ്ങൾ
• 40 ഡിഗ്രി സെൽഷ്യസ് (104 ഡിഗ്രി ഫാരൻഹീറ്റ്) അല്ലെങ്കിൽ അതിൽ കൂടുതലുള്ള പനി
• മാനസിക നിലയിലോ പെരുമാറ്റത്തിലോ ഉള്ള മാറ്റങ്ങൾ (ആശയക്കുഴപ്പം,അവ്യക്തമായ സംസാരം)
• ചൂടുള്ള വരണ്ട ചർമ്മം അല്ലെങ്കിൽ കടുത്ത വിയർപ്പ്
• ഓക്കാനം, ഛർദ്ദി
• ചർമ്മം ചുവന്ന് തുടുക്കുക
• ഹൃദയമിടിപ്പ് വേഗത്തിലാകുക
• ശ്വാസത്തിന്റെ വേഗത കൂടുക
• തലവേദന
• ബോധക്ഷയം
ഹീറ്റ്‌സ്ട്രോക്ക് സംഭവിച്ചാൽ ചെയ്യേണ്ടത്
ഹാറ്റ്സ്ട്രോക്ക് ഉണ്ടായെന്ന് ഉറപ്പായാൽ ആദ്യം ചെയ്യേണ്ടത് ആ വ്യക്തിയെ ചൂടിൽ നിന്ന് മാറ്റിനിർത്തുകയാണ്. പറ്റാവുന്ന എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് ശരീരം തണുപ്പിക്കാൻ ശ്രമിക്കണം. ഇതിനായി ബാത്ത് ടബ്ബിൽ ഇരുത്തുകയോ ഷവറിന് താഴെ നിർത്തുകയോ ചെയ്യാം. അല്ലെങ്കിൽ നനയ്ക്കാൻ ഉപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ച് ഇയാളുടെ ശരീരത്തിലേക്ക് വെള്ളമൊഴിക്കാം. തണുത്ത വെള്ളത്തിൽ മുക്കിയ സ്പോഞ്ച് ശരീരത്തിൽ വച്ച് തണുപ്പിക്കാം. ഫാനിനടിയിൽ നിർത്തുന്നതിനൊപ്പം തണുത്തവെള്ളം തളിച്ചുകൊടുക്കാം. ഐസ് പാക്കോ നനഞ്ഞ തുണിയോ കഴുത്ത്, കക്ഷം എന്നിവിടങ്ങളിൽ വയ്ക്കാം. തണുപ്പു പകരുന്ന തുണികളിൽ പൊതിയാം. ബോധാവസ്ഥയിലാണെങ്കിൽ കുടിക്കാൻ തണുത്ത വെള്ളമോ സ്പോർട്ട്സ് ഡ്രിങ്കുകളോ നൽകാം. കഫീൻ ഇല്ലാത്ത പാനീയങ്ങൾ നൽകാൻ ശ്രദ്ധിക്കണം. ബോധം നഷ്ടപ്പെടുകയാണെന്ന് കണ്ടാൽ ഉടൻ സിപിആർ നൽകണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates