ഒറ്റപ്പെടലിന്റെ കടലാഴങ്ങള്‍ താണ്ടാനാണ് മനുഷ്യര്‍ സഞ്ചരിക്കുന്നത്...

ലേ, ലഡാക്ക്  ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലൂടെയുള്ള യാത്ര തുടങ്ങുന്നു
ഒറ്റപ്പെടലിന്റെ കടലാഴങ്ങള്‍ താണ്ടാനാണ് മനുഷ്യര്‍ സഞ്ചരിക്കുന്നത്...

വഴികള്‍ വന്നു  വിളിക്കുമിരവുകള്‍

അന്നു രാത്രി മുഴുവനും ആകാശം നിന്നു കത്തുകയായിരുന്നു. എയ്ത്തു നക്ഷത്രങ്ങള്‍ ഇടതടവില്ലാതെ പാഞ്ഞുപോകും പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. അവ പക്ഷേ, പീരങ്കി ഷെല്ലുകളായിരുന്നു! ഭീതിപ്പെടുത്തുന്ന കാഴ്ചയും അനുഭവവുമായിരുന്നു അത്.'

വടക്കന്‍ അതിര്‍ത്തിയിലെ ഇന്ത്യയുടെ അവസാനത്തെ ഗ്രാമങ്ങളിലൊന്നായ തുര്‍തുക്കിലേക്ക് ഷയോക്ക് നദിയുടെ ഓരംപറ്റി ബൈക്ക് ഓടിക്കുമ്പോള്‍ ഓരോ അരമണിക്കൂറുമിടവിട്ട് ഞങ്ങളുടെ ആതിഥേയന്‍ മുഹമ്മദ് അലി മൊബൈലില്‍ വിളിച്ചുകൊണ്ടേയിരുന്നു. മലകള്‍ക്കു പിന്നില്‍നിന്നും സന്ധ്യ നദിയിലൂടെ ഒഴുകിവരികയാണ്. ഒപ്പം തണുപ്പും. മുന്നിലും പിന്നിലും അനന്തവിജനമായ വഴി, ജീവിതം പോലെ. ഇരുപുറങ്ങളിലും മേഘങ്ങളോളം വലിയ കൊടുമുടികള്‍. ഇടയ്‌ക്കെങ്ങാന്‍ എതിരെ ഒരു വണ്ടി വന്നാലായി. വഴിയുടെ വിളുമ്പിലെല്ലാം ബുദ്ധനോളം മൗനിയായ ശിലകള്‍. അനന്തമായ നീലാകാശത്തിനു കീഴെ അതിവിദൂരതയിലേക്ക് പൊഴിയുന്ന ആ വഴിയിലൂടെ അലസമായൊഴുകുമ്പോള്‍ ആദ്യമൊക്കെ ഞങ്ങള്‍ക്ക് അലിയുടെ ഫോണ്‍കോളുകള്‍ ഒരു ശല്യമായി തോന്നി. പക്ഷേ, രാത്രി തുര്‍തുക്കില്‍ വെച്ച് അയാള്‍ ഫോണ്‍ എടുക്കാതെയായപ്പോള്‍ വഴിതെറ്റി ചില്ലുജനാലയില്‍ വന്നിടിച്ച പക്ഷികളെപ്പോലെ ഞങ്ങള്‍ പരിഭ്രമിച്ചു.

ഒറ്റപ്പെടലിന്റെ കടലാഴങ്ങള്‍ താണ്ടാനാണ് മനുഷ്യര്‍ സഞ്ചരിക്കുന്നത്. ഒരിടത്തു നിന്നാല്‍ അവിടെത്തന്നെ വേരാഴ്ത്തി തറഞ്ഞുപോയേക്കാവുന്ന നിമിഷങ്ങള്‍. അവയെ മറികടക്കാന്‍ അകലങ്ങളില്‍ സ്വയം തിരയുകയാണ് നല്ലത്. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചു പോകാനാവാത്തവണ്ണം വഴികള്‍ നമ്മെ വന്നു വിളിക്കുന്ന ഇരവുകള്‍. അവയില്‍നിന്നും നേരം പുലരുമ്പോള്‍ നമുക്ക് പുറപ്പെടേണ്ടതുണ്ട്. മെഹബൂബ് പാടിയപോലെ 'കരളില്‍ തീ എരിയുന്നു, തലമണ്ട പുകയുന്നു.' അന്നേരങ്ങളില്‍ നമുക്ക് പോകണം, പോയേ തീരൂ. ദൂരെ എങ്ങോട്ടെങ്കിലും. അത്തരം യാത്രകളില്‍ ഇങ്ങനെയുള്ള വിഷമഘട്ടങ്ങളുണ്ടായേക്കും. അതാണ് യാത്രയുടെ അനുഭൂതി. അനുഭവിക്കുന്ന നിമിഷങ്ങളില്‍ നമുക്കത് ആസ്വദിക്കാന്‍ കഴിയില്ലെങ്കിലും മുന്‍കൂട്ടി എല്ലാം തീരുമാനിച്ചാല്‍ ഈ ആകാംക്ഷയുടെ സുഖം കിട്ടാതെ പോകും. യാത്രയുടെ പ്രലോഭനം ആകസ്മികതകളാണ്. കശ്മീരിലെ ശ്രീനഗറും പിന്നെ ലേയും ലഡാക്കും കാണാന്‍ ഞങ്ങള്‍ പോകാന്‍ തീരുമാനിക്കുന്നതു തന്നെ ഒന്നോ രണ്ടോ ആഴ്ചകള്‍ കൊണ്ടാണ്.

പുറത്ത് കടിച്ചുകീറുന്ന തണുപ്പാണ്. റോഡ് ഞെട്ടിത്തരിച്ചപോലെ ഒരു പാലത്തിനു മുകളില്‍ അവസാനിച്ചിരിക്കുന്നു. ഇരുട്ടില്‍ കാണാന്‍ കഴിയുന്നില്ലെങ്കിലും പാലത്തിനു താഴെ നദി ഒഴുകുന്നത് കേള്‍ക്കാം. ഉരുളന്‍കല്ലുകളില്‍ തട്ടിത്തെറിച്ച് നദി അതിന്റെ സാമീപ്യം ഞങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. തണുത്ത കൈകള്‍കൊണ്ട് ഹിമാലയത്തിലെ രാത്രി ഞങ്ങളെ ഇറുകെ കെട്ടിപ്പിടിച്ചു. അലി എന്തായിരിക്കും ഫോണ്‍ എടുക്കാത്തത്? ഈ രാത്രി ഞങ്ങള്‍ എവിടെ താമസിക്കും? എന്തെങ്കിലും കഴിക്കാന്‍ കിട്ടുമോ? കൂട്ടുകാരിലൊരാളായ റയീസ് റംസാന്‍ വ്രതത്തിലാണ്.  ഒരു രാത്രി പട്ടിണി കിടക്കാന്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. പക്ഷേ, പകല്‍ മുഴുവന്‍ വെള്ളം പോലും കുടിക്കാത്ത അവനോട് രാത്രികൂടി ഭക്ഷണമില്ലാതെ കഴിച്ചുകൂട്ടണം എന്നെങ്ങനെ പറയാനാണ്!

​ഗുൽമാർ​ഗ്/ ഫോട്ടോ: സോജന്‍ മൂന്നാര്‍
​ഗുൽമാർ​ഗ്/ ഫോട്ടോ: സോജന്‍ മൂന്നാര്‍

ഇന്ത്യ പാക് അതിര്‍ത്തിയായ എല്‍.ഒ.സിയില്‍നിന്നും കഷ്ടിച്ചു പത്ത് കിലോമീറ്ററകലെയാണ് ഞങ്ങളിപ്പോളുള്ളത്. ചുറ്റിലും അപരിചിതത്വത്തിന്റെ കരിമ്പടം വിരിച്ചിട്ടിരിക്കുന്നു. വിരലുകളിലൂടെ തണുപ്പിന്റെ ഗ്ലൂക്കോസ് ആരോ ശരീരമാകെ നിറയ്ക്കുന്നതു പോലെ. ഒറ്റപ്പെടല്‍ പതിഞ്ഞ ശബ്ദത്തില്‍ ചെവിട്ടില്‍ മൂളുന്നു. ചക്രവാളത്തില്‍ ഗിരിശൃംഗങ്ങള്‍ക്കുമേല്‍ നിലാവിന്റെ ഒരു നേര്‍ത്ത കീറ് വീണുകിടന്നിരുന്നു. അതുപക്ഷേ, രാത്രിയുടെ കട്ടി കൂട്ടിയതേയുള്ളു. ഈ ഇരുട്ടില്‍ തികച്ചും അപരിചിതമായൊരു സ്ഥലത്ത് ഇങ്ങനെ നാലുപേര്‍ നിന്നു പരുങ്ങുന്നത് ആരെങ്കിലും കണ്ടാല്‍ എന്താണ് സംഭവിക്കുക? 

ഞങ്ങളുടെ കൂട്ടുകാരന്‍ സോജന്‍ 2018ല്‍ മറ്റു ചിലരോടൊപ്പം ഇവിടം സന്ദര്‍ശിച്ചിരുന്നു. അന്ന് അയാള്‍ താമസിച്ചത് മുഹമ്മദ് അലിയുടെ ഹോംസ്റ്റെയിലാണ്. ആ ഓര്‍മ്മയില്‍ ലേയില്‍നിന്നും പുറപ്പെടുമ്പോള്‍ സോജന്‍ അലിയെ വിളിച്ചു ഞങ്ങള്‍ക്കു വേണ്ട മുറി ബുക്ക് ചെയ്തിരുന്നു. പക്ഷേ, അത് രണ്ടു ദിവസങ്ങള്‍ക്കു മുന്നേയാണ്!

ശ്രീനഗര്‍

ഡല്‍ഹിയില്‍നിന്നുമുള്ള വിമാനം ശ്രീനഗറിന്റെ ആകാശത്തില്‍ വളഞ്ഞുപറന്ന് റണ്‍വേയിലേക്ക് ഊളിയിട്ടു. കിളിവാതിലിലൂടെ ഹിമത്തൊപ്പിയണിഞ്ഞ കൊടുമുടികളും വിശാലമായ താഴ്‌വരയുടെ പല നിറങ്ങള്‍ ചാലിച്ച ചായപ്പലകയും കണ്ടുകൊണ്ടു ഞങ്ങളിരുന്നു. ടെര്‍മിനലിനു പുറത്തിറങ്ങുമ്പോള്‍ ആദ്യം തോന്നുന്നത് ഒരു റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയതുപോലെയാണ്. മറ്റു വിമാനത്താവളങ്ങളുടെ പത്രാസൊന്നുമില്ലാതെ നേരെ മനുഷ്യരിലേക്കും മണ്ണിലേക്കും നടന്നിറങ്ങുന്നതുപോലെ. ചുറ്റിലും ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടം. പലയിടത്തും വഴിയോര കച്ചവടക്കാര്‍. മുറ്റത്ത് കുറെ ചെടികളും അവയില്‍ നിറയെ പൂക്കളും. ചക്രവാളത്തില്‍ മേഘങ്ങളെ തൊട്ടുനില്‍ക്കുന്ന കൊടുമുടികള്‍. 

ഞങ്ങള്‍ക്ക് താമസിക്കാനുള്ള ലോഡ്ജ് എയര്‍പോര്‍ട്ടില്‍നിന്നും ഏഴു കിലോമീറ്ററകലെ ബത്മാലൂ എന്ന സ്ഥലത്താണ്. യാക്കൂബ് ഷഹദാര്‍ എന്നയാളാണ് ഇവിടെ ഞങ്ങളുടെ ആതിഥേയന്‍. അദ്ദേഹത്തോട് ഞങ്ങള്‍ ചെല്ലുന്ന കാര്യമൊന്നും പറഞ്ഞിട്ടില്ല. ഇതും മുന്‍പു വന്നപ്പോള്‍ സോജന്‍ പരിചയപ്പെട്ട ആളാണ്. അന്ന് സോജന്‍ അയാളുടെ ലോഡ്ജിലാണ് താമസിച്ചത്. അതുകൊണ്ട് അങ്ങോട്ടു തന്നെ പോകാന്‍ തീരുമാനിച്ചു എന്നേയുള്ളൂ. യാക്കൂബിന്റെ ഹോട്ടല്‍ ലക്ഷ്യമാക്കി ഞങ്ങള്‍ പുറപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ ശ്രീനഗറില്‍ തങ്ങി ദാല്‍ തടാകവും ഗുല്‍മാര്‍ഗും സോനാമാര്‍ഗും ഒക്കെ കണ്ടിട്ട് വേണം കാര്‍ഗില്‍ വഴി ലേയിലേക്കു പോകാന്‍.

യാക്കൂബിന്റെ അബു ധാര്‍ ലോഡ്ജിലെത്തിയപ്പോള്‍ അദ്ദേഹം ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു വലിയ മുറി തന്നെ തുറന്നുതന്നു. അതിനു വാടകയൊന്നും അദ്ദേഹം വാങ്ങിയില്ല. ഞങ്ങള്‍ എത്തുന്നതിനു തലേന്നുവരെ ശ്രീനഗറില്‍ കര്‍ഫ്യു ആയിരുന്നു എന്ന് യാക്കൂബ് പറഞ്ഞു. എന്തിനെന്നു ഞാന്‍ ചോദിച്ചില്ല. അല്ലെങ്കില്‍ എന്തിനാണ് ചോദിക്കുന്നത്? ഇത്രയും ക്രൂരമായി നിരീക്ഷിക്കപ്പെടുന്ന വേറെ ഏതു ജനതയുണ്ടാവും ലോകത്തില്‍! ഒരു വശത്ത് ഇന്ത്യന്‍ ഭരണകൂടം. മറുവശത്ത് പാകിസ്താന്‍ വിഘടനവാദികള്‍. രണ്ടു കൂട്ടര്‍ക്കും അവരവരുടേതായ ന്യായങ്ങള്‍. വഴിയിലൂടെ നടക്കവേ 'കശ്മീരികള്‍ക്ക് എന്താണ് ശരിക്കും വേണ്ടതെന്ന് ആര്‍ക്കറിയാം!' എന്ന് ദീര്‍ഘനിശ്വാസം പോലെ പറഞ്ഞതു കേട്ടിട്ട് യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു കശ്മീരി 'ഞങ്ങള്‍ക്ക് ഞങ്ങളുടെ നാട് തിരിച്ചു തരൂ, അതാണ് ഞങ്ങള്‍ക്ക് വേണ്ടത്' എന്നു പറഞ്ഞത് ഇന്നുമോര്‍ക്കുന്നു! 

എല്ലാ യുദ്ധവും സാധാരണ മനുഷ്യന്റെ ജീവിതത്തിനു മേലെയാണ് നടമാടുന്നത്. പറന്നിറങ്ങുന്ന ഷെല്ലുകളായാലും ചീറിവരുന്ന വെടിയുണ്ടകളായാലും അവയൊക്കെ ചിതറിച്ചുകളയുന്നത് കുറെ സാധാരണക്കാരുടെ കിനാവുകളാണ്. അവരുടെ നീലാകാശങ്ങളില്‍ തീ കോരിയിട്ടുകൊണ്ട് മാത്രമേ എല്ലാം വിമാനങ്ങളും മറയുന്നുള്ളൂ. ഞങ്ങള്‍ക്കു മുന്നിലൂടെ നടക്കുന്ന മനുഷ്യന്‍, വഴിയരികില്‍ കച്ചവടം നടത്തുന്ന വയസ്സന്‍, കളിച്ചും ചിരിച്ചും ഓടിപ്പോകുന്ന കുഞ്ഞുങ്ങള്‍, ഷിക്കാരാ തുഴയുന്ന പെണ്‍കുട്ടി; എല്ലാവരുടേയും മുഖത്ത് കാലങ്ങളായി അവരുടെ നാടിനെ കാര്‍ന്നുതിന്നുന്ന അസ്വസ്ഥതയുടെ കരിനിഴല്‍ പടര്‍ന്നിരുന്നു. അത് അവരുടെ കണ്ണുകള്‍ക്കു താഴെ നേര്‍ത്തതെങ്കിലും ചക്രവാളത്തില്‍ വ്യക്തമായി പടരുന്ന മഴമേഘം പോലെ കാണപ്പെട്ടു. 

'ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ്' എന്ന ആവര്‍ത്തന വിരസതകൊണ്ടൊന്നും മറയ്ക്കാനാവുന്നതല്ല കശ്മീരിന്റെ ഉള്ളുരുക്കങ്ങള്‍. ഞങ്ങള്‍ കണ്ട എല്ലാ കശ്മീരികളും താവളങ്ങള്‍ നഷ്ടപ്പെട്ട് ഒറ്റയ്ക്ക് പറക്കുന്ന പക്ഷികള്‍ പോലെയായിരുന്നു. അവരുടെ എല്ലാ പെരുമാറ്റത്തിലും ഭീതി നിഴലിട്ടിരുന്നു. യാത്രികര്‍ എന്ന നിലയില്‍ നമ്മോട് അവര്‍ സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറുമ്പോഴും സ്വന്തം നാട്ടില്‍ പേടിയുടെ കമ്പളം പുതക്കേണ്ടിവരുന്നവരാണ് അവരെല്ലാം. ഏതെങ്കിലും വാഹനത്തിന്റെ ടയര്‍ പൊട്ടിയാല്‍ പോലും ബോംബുസ്‌ഫോടനമാണെന്നു കരുതുന്ന ഒരു ജനത. സ്വന്തം തെരുവുകളിലൂടെ തങ്ങളുടെ തന്നെ ജീവനും കയ്യില്‍ പിടിച്ചുകൊണ്ടു പാഞ്ഞുപോകാന്‍ വിധിക്കപ്പെട്ടവര്‍. എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരവില്ലാത്തവണ്ണം അഴികള്‍ക്കുള്ളില്‍ അകപ്പെടാവുന്നവര്‍. എതിര്‍പ്പിന്റെ കടുകുമണികള്‍ പോലും ഭീതിയുളവാക്കുന്നവര്‍. എന്നിട്ടും അവര്‍ ജീവിക്കുന്നു, പ്രതിഷേധിക്കുന്നു, പ്രണയിക്കുന്നു, യാത്രികരായ നമ്മോടു ചിരിക്കുന്നു!

മുസാഫിറിനൊപ്പം ലേഖകൻ
മുസാഫിറിനൊപ്പം ലേഖകൻ

ഗുല്‍മാര്‍ഗിലെ തീവ്രവാദി

യാക്കൂബിനോട് കുറേ നേരം സംസാരിച്ചിരുന്നതിനു ശേഷം ഞങ്ങള്‍ മുറിയിലേക്കു പോയി. ഭക്ഷണം ഉണ്ടാക്കിത്തരാന്‍ യാക്കൂബ് തന്റെതന്നെ കുശിനിക്കാരനായ മുസാഫിറിനെ ഏല്പിച്ചിരുന്നു. മെലിഞ്ഞ് ഉയരമുള്ള ഒരു കശ്മീരി. അയാളുടെ കണ്ണുകളില്‍ അനുകമ്പയുടെ തിരയിളക്കങ്ങള്‍ ഞങ്ങള്‍ കണ്ടു. പാവം ഒരു മനുഷ്യന്‍. മുസാഫിര്‍ വെറുമൊരു കുശിനിക്കാരന്‍ മാത്രമല്ല. അയാള്‍ക്ക് നാട്ടില്‍ ആപ്പിള്‍ തോട്ടമുണ്ട്. അവിടെ ഭാര്യയും മക്കളും മാതാപിതാക്കളും താമസിക്കുന്നു. വിളവെടുപ്പിന്റെ സമയത്തു മാത്രമേ മുസാഫിര്‍ അങ്ങോട്ട് പോകൂ. അല്ലാത്തപ്പോള്‍ യാക്കൂബിന്റെ കൂടെ ഹോട്ടല്‍ നടത്തിപ്പുമായി സഹകരിച്ചു കഴിയും. ഒന്നാന്തരം കുക്ക് ആണ് മുസാഫിര്‍. ചെന്ന രാത്രിയില്‍ അയാള്‍ ഞങ്ങള്‍ക്ക് നെയ്യൊഴിച്ച ചിക്കന്‍ കറിയും റൊട്ടിയും തന്നു. ശ്രീനഗറില്‍ കാണേണ്ട സ്ഥലങ്ങളും അവിടേക്ക് പോകേണ്ടതെങ്ങനെ എന്നും ഒരു ചെറിയ വിവരണം നല്‍കിയിട്ടാണ് മുസാഫിര്‍ ഞങ്ങളെ ഉറങ്ങാന്‍ വിട്ടത്. പിറ്റേന്നു രാവിലെ എഴുന്നേറ്റ് ഞങ്ങള്‍ ഗുല്‍മാര്‍ഗിലേയ്ക്ക് പോയി.

യാക്കൂബിന്റെ സുഹൃത്ത് അഹമ്മദാണ് ഞങ്ങളെ ഗുല്‍മാര്‍ഗ്ഗിലേക്ക് കൊണ്ടുപോയത്. അഹമ്മദ് വളരെ കുറച്ചേ സംസാരിക്കൂ. അയാള്‍ യാത്രയിലുടനീളം ഞങ്ങളുടെ മലയാളപ്പേച്ച് കേട്ട് മിണ്ടാതെ ഇരുന്നു. വല്ലതും ചോദിച്ചാല്‍ കാര്യമാത്രപ്രസക്തമായി എന്തെങ്കിലും പറയും. ഗുല്‍മാര്‍ഗ്ഗിലേക്കുള്ള വഴിയില്‍ ഒരിടത്തുവെച്ച് കാടിനു നടുവില്‍ വഴിമുറിച്ച് ഓടിപ്പോയ യെല്ലോത്രോട്ടഡ് മാര്‍ട്ടിന്‍ എന്ന മരനായയെ ഞങ്ങള്‍ ഒരു മിന്നായം പോലെ കണ്ടപ്പോള്‍ ഇതിനെ അയാള്‍ ഇടയ്‌ക്കൊക്കെ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു. അത് ഞങ്ങളുടെ നാട്ടിലെ നീലഗിരി മരനായയുടെ കൂട്ടരാണ് എന്നു ഞങ്ങള്‍ അയാളോട് പറഞ്ഞു. 

വണ്ടി ഗുല്‍മാര്‍ഗ്ഗിലെത്തിയപ്പോള്‍ അഹമ്മദ് തിരക്കൊഴിഞ്ഞ ഒരിടത്തു വണ്ടി നിര്‍ത്തി.

'നിങ്ങള്‍ പോയി എല്ലാം കണ്ടു വരൂ, ഞാന്‍ ഇവിടെത്തന്നെ കാണും. തിരിച്ചുവരുമ്പോള്‍ വിളിച്ചാല്‍ മതി.'

അഹമ്മദ് ഒരിക്കല്‍ക്കൂടി അയാളുടെ രണ്ടു ഫോണ്‍ നമ്പറുകളും ഞങ്ങളുടെ കയ്യില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് എങ്ങോട്ടോ മറഞ്ഞു. നിസ്‌കരിക്കാനുള്ള സമയമായിരുന്നതിനാല്‍ ജിഷാദും റയീസും പള്ളിയിലേക്കു പോയി. ഞാനും സോജനും അവിടെയൊക്കെ കറങ്ങിനടന്നു. ചക്രവാളത്തില്‍ ആകാശത്തെ തൊട്ടു മഞ്ഞണിഞ്ഞ കൊടുമുടികള്‍. അവയുടെ പള്ളയിലൂടെ കൊടുമുടിയുടെ ഉച്ചിയിലേക്കു തെന്നിനീങ്ങുന്ന ഗൊണ്ടോള. പാതിയില്‍ പറഞ്ഞുനിര്‍ത്തിയ കഥകള്‍പോലെ ആകാശം. കുറച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കാണുന്നത് ഏതോ ഒരു കശ്മീരിയോട് സംസാരിച്ചു നില്‍ക്കുന്ന ജിഷാദിനേയും റയീസിനേയുമാണ്. ഞങ്ങളെ കണ്ടതും ജിഷാദ് ചിരിച്ചുകൊണ്ട് പറഞ്ഞു: 'ഇത് ആരാണെന്നു മനസ്സിലായോ? പഴയ തീവ്രവാദിയാണ്!'

ഗുല്‍മാര്‍ഗ്ഗിലെ പള്ളിയില്‍ നിസ്‌കാരത്തിനിടയില്‍ ജിഷാദും റയീസും പരിചയപ്പെട്ടതാണ് അയാളെ. ആള്‍ പണ്ട് ഹിസ്ബുള്‍ മുജാഹിദീന്റെ പ്രവര്‍ത്തകനായിരുന്നു. പാകിസ്താനില്‍നിന്നും പരിശീലനമൊക്കെ നേടിയിട്ടുണ്ട്. കുറേനാള്‍ കശ്മീരിന്റെ 'വിമോചനത്തിനായി' പ്രവര്‍ത്തിച്ചു. കുറെ ആക്ഷനുകളിലൊക്കെ പങ്കെടുക്കുകയും ചെയ്തു. പക്ഷേ, പിന്നീട് താന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ യഥാര്‍ത്ഥ ലക്ഷ്യം അവര്‍ പറയുന്നപോലെ കശ്മീരിന്റെ മോചനമൊന്നുമല്ല എന്നു മനസ്സിലാക്കിയപ്പോള്‍ ആയുധം ഉപേക്ഷിച്ചു കീഴടങ്ങി. ഇപ്പോള്‍ ഗുല്‍മാര്‍ഗ്ഗില്‍ ടൂറിസ്റ്റു ഗൈഡായിട്ടു ജീവിക്കുന്നു. 

'എങ്ങനെ ആണ് ഇത്രയും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ മറികടന്ന് പാകിസ്താനിലേക്കു പോയത്?' ഞാന്‍ അയാളോട് ചോദിച്ചു. 

അപ്പോള്‍ അയാള്‍ ഗുല്‍മാര്‍ഗ്ഗിനു പിന്നില്‍ മേഘങ്ങളേ തൊട്ട് ഉയര്‍ന്നുനില്‍ക്കുന്ന പീര്‍ പഞ്ചല്‍ മലനിരകളിലേക്കു വിരല്‍ചൂണ്ടി പറഞ്ഞു: 'ദാ അവിടം വഴി. ഏതു പട്ടാളത്തിന്റേയും കണ്ണുവെട്ടിച്ചു പോകാനുള്ള വഴികളൊക്കെ ഞങ്ങള്‍ക്കറിയാം!'

അഹമ്മദാണ് അയാളെ ഞങ്ങള്‍ക്കു പരിഭാഷപ്പെടുത്തി തന്നത്. ആശ്ചര്യത്തോടെ ഞങ്ങള്‍ പരസ്പരം നോക്കുന്നത് കണ്ടിട്ടാവണം അയാളും അഹമ്മദും ഉറക്കെ ചിരിച്ചു.

​ഗുൽമാർ​ഗിലെ ഹരി സിം​ഗിന്റെ കൊട്ടാരം/ ഫോട്ടോ: സോജന്‍ മൂന്നാര്‍
​ഗുൽമാർ​ഗിലെ ഹരി സിം​ഗിന്റെ കൊട്ടാരം/ ഫോട്ടോ: സോജന്‍ മൂന്നാര്‍

ഞങ്ങള്‍ അഹമ്മദിനേയും അയാളേയും അവിടെ വിട്ടിട്ടു ഗുല്‍മാര്‍ഗ്ഗിലെ അനന്തവിശാലമായ പുല്‍പ്പരപ്പിനതിരിലൂടെ നീളുന്ന വഴിയിലൂടെ നടന്നു. ദൂരെയായി മഹാറാണി ക്ഷേത്രം കാണാം. അകലത്തില്‍ എവിടെയോ ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച സെയിന്റ് മേരീസ് പള്ളിയുമുണ്ട്. മലയുടെ മുകളില്‍ കയറി ചെന്നാല്‍ കശ്മീര്‍ രാജാവിന്റെ കൊട്ടാരമുണ്ട്. ഞങ്ങള്‍ നില്‍ക്കുന്നതിനു അടുത്തുതന്നെയാണ് പതിമൂന്നാം നൂറ്റാണ്ടിലെ മുസ്‌ലിം പണ്ഡിതനായിരുന്ന ബാബാ റെഷിയുടെ സ്മാരകം. അങ്ങോട്ടേക്കുള്ള പടികളില്‍ കുറെ ആളുകള്‍ നില്‍ക്കുന്നു. ഒരു തണ്ണീര്‍ച്ചാല്‍ പുല്‍പ്പരപ്പിലൂടെ വളഞ്ഞുപുളഞ്ഞു ഒഴുകുന്നു. അതില്‍നിന്നും വെള്ളം കുടിക്കുന്ന കോവര്‍ക്കഴുതകള്‍. അവയുടെ ചുറ്റിനും ഇരതേടി നടക്കുന്ന മഞ്ഞ വാലുകുലുക്കികള്‍. 

വരുന്നവര്‍ വരുന്നവര്‍ നേരം കളയാതെ കാല്‍നടയായിട്ടോ അല്ലെങ്കില്‍ കോവര്‍ക്കഴുതകളുടെ പുറത്തുകയറിയോ ഗുല്‍മാര്‍ഗ് കാണാന്‍ പോകുന്നു. കശ്മീര്‍ രാജാവ് യൂസഫ് ഷായുടെ ഇഷ്ട വിനോദകേന്ദ്രമായിരുന്ന, ബ്രിട്ടീഷുകാര്‍ നിരവധി ഗോള്‍ഫ് കോഴ്‌സുകള്‍ സ്ഥാപിച്ച, മഞ്ഞുകാലമായാല്‍ സ്‌കീയിങിനായി ലോകമെങ്ങും നിന്ന് ആളുകള്‍ വരുന്ന, വസന്തകാലത്ത് പൂക്കളുടെ പറുദീസയാകുന്ന ഗുല്‍മാര്‍ഗ്ഗിന്റെ താറടര്‍ന്ന മണ്‍പാതയിലൂടെ ഞങ്ങളും നടന്നു. വലതുവശത്ത് ഗോള്‍ഫ് മൈതാനത്തിന്റെ മുള്ളുവേലിക്കപ്പുറം അരുവി വെട്ടിത്തിളങ്ങുന്നു. ഇടതുവശം മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ അകലെ മഞ്ഞുമലകള്‍. ഇടയില്‍ സഞ്ചാരികളേയും കൊണ്ട് കോവര്‍ക്കഴുതകള്‍. അവയോടൊപ്പം നടന്നും ഓടിയും കുറെ ചെറുക്കന്മാര്‍, അവയുടെ നോട്ടക്കാര്‍. കൊളോണിയല്‍ കാലഘട്ടത്തിന്റെ അവശേഷിപ്പു പോലെ അന്തരീക്ഷത്തില്‍ കുളമ്പടി ശബ്ദം.

നടന്നുനടന്ന് ഞങ്ങള്‍ കുന്നിന്റെ മുകളിലെത്തി. മുന്നില്‍ പൈന്‍മരക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞു നില്‍ക്കുകയാണ് മഹാരാജാ ഹരിസിംഗിന്റെ കൊട്ടാരം. മുഴുവനും തടികൊണ്ട് നിര്‍മ്മിച്ച ഒരു വലിയ എടുപ്പ്. കാപ്പിപ്പൊടി നിറത്തിലുള്ള ഭിത്തികളും പച്ച മേല്‍ക്കൂരയും. മേല്‍ക്കൂര പിന്നീടെപ്പോഴോ പുതുക്കിപ്പണിതതാണെന്ന് അതിന് ഉപയോഗിച്ചിരിക്കുന്ന തകര ഷീറ്റുകള്‍ കണ്ടാല്‍ മനസ്സിലാകും. കൊട്ടാരത്തിന്റെ വലതുവശം ചേര്‍ന്ന് ഒരു ഗോപുരം. ചുറ്റിനും അനേകം ചില്ലുജനാലകള്‍. മുന്‍വശത്തെ കല്‍പ്പടവുകള്‍ കയറി എത്തുന്ന മുറിയില്‍ ഒരു ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെനിന്നും ടിക്കറ്റ് വാങ്ങിയാലേ അകത്തേയ്ക്കു പ്രവേശനമുള്ളൂ. ആ മുറിയില്‍ത്തന്നെ പഴയകാലത്തെ കുറെ ഫോട്ടോകള്‍ സൂക്ഷിച്ചിട്ടുണ്ട്. കശ്മീരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് ദോഗ്ര രാജവംശത്തിനുള്ളത്. 1820ല്‍ ഗുലാബ് സിംഗ് ജമ്മുവിന്റെ രാജാവാകുന്നതോടെയാണ് ഈ രാജവംശം ആരംഭിക്കുന്നത്. 

ഹരി സം​ഗിന്റെ കൊട്ടാരത്തിന്റെ ഉൾവശം
ഹരി സം​ഗിന്റെ കൊട്ടാരത്തിന്റെ ഉൾവശം

1845ല്‍ ബ്രിട്ടീഷുകാരുമായി നടന്ന ആദ്യ സിഖ് യുദ്ധത്തില്‍ ഗുലാബ് സിംഗ് തന്നെ രാജാവായി വാഴിച്ച സിഖുകാരെ സഹായിക്കുന്നതില്‍നിന്നും ഒഴിഞ്ഞുനിന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ക്കും സിഖുകാര്‍ക്കും ഇടയില്‍ ഒരു മധ്യസ്ഥന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഗുലാബ് സിംഗ് കാര്യങ്ങള്‍ വെള്ളക്കാര്‍ക്ക് അനുകൂലമായി അവസാനിപ്പിക്കുന്നതിനാണ് മുന്‍കൈ എടുത്തത്. ഇതിനുള്ള പ്രത്യുപകാരമെന്ന നിലയില്‍ അവര്‍ കശ്മീര്‍ ഗുലാബ് സിംഗിന് 75 ലക്ഷം രൂപയ്ക്കു വിറ്റു. അങ്ങനെ പ്രജകള്‍ ഭൂരിഭാഗവും ഇസ്‌ലാം മതവിശ്വാസികളും രാജാവ് ഹിന്ദുവുമായ ഒരു രാജ്യം നിര്‍മ്മിക്കപ്പെട്ടു. ഗുലാബ് സിംഗിന്റെ മകന്റെ പേരക്കുട്ടിയാണ് ഹരി സിംഗ്.

ആകെ 8700 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു കൊട്ടാരമാണ് ഗുല്‍മാര്‍ഗ്ഗിലേത്. അടിത്തറയ്ക്കു മാത്രമേ പാറ ഉപയോഗിച്ചിട്ടുള്ളൂ. ഇരുപതാം നൂറ്റാണ്ടിലാണ് ഈ കൊട്ടാരം ഹരി സിംഗ് പണി കഴിപ്പിച്ചത് എന്നതുകൊണ്ട് തന്നെ പുറമെനിന്നുള്ള കാഴ്ചയില്‍ യൂറോപ്യന്‍ വാസ്തുശൈലി വ്യക്തമായി മനസ്സിലാകും. ഹരി സിംഗിന്റെ കൊട്ടാരത്തിലെ യൂറോപ്യന്‍ സന്ദര്‍ശകരുടേയും ഇഷ്ട ശൈത്യകാല വസതി കൂടിയായിരുന്നു ഇത്. കോട്ടത്തരത്തില്‍ ആകെ 15 മുറികളുണ്ട്. എല്ലാ മുറികളിലും തണുപ്പുകാലത്തെ ചെറുക്കാനുള്ള നെരിപ്പോടുകള്‍ കാണാം. മുന്‍വശത്തെ മുറിയില്‍നിന്നും അകത്തേയ്ക്കു കടന്നാല്‍ ഒരു വശത്തുകൂടി നടന്ന് എല്ലാ മുറികളും കണ്ട് മറുവശത്തുകൂടെ തിരിച്ചിറങ്ങാന്‍ പാകത്തിലാണ് അകത്തെ ക്രമീകരണങ്ങള്‍. കൊട്ടാരത്തിലെ വിശാലമായ സ്വീകരണമുറിയും അതിലെ മച്ചും 'ഖതംബന്ധ്' നിര്‍മ്മാണരീതിയില്‍ ദേവദാരു തടിയില്‍ സസൂക്ഷ്മം നിര്‍മ്മിച്ച ജ്യാമിതീയ രൂപങ്ങളാല്‍ മനോഹരമാക്കിയിരിക്കുന്നു. ഈ നിര്‍മ്മാണരീതിക്ക് ബുദ്ധകാലഘട്ടത്തോടും മുഗള്‍ വാസ്തുകലയോടും വളരെയധികം ബന്ധമുണ്ട്. പേര്‍ഷ്യയില്‍നിന്നും വന്ന ശില്പികളാണ് ഈ രീതി പ്രചരിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. 

കൊട്ടാരത്തിലെ മുറികളില്‍ രാജകാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഗൃഹോപകരണങ്ങള്‍ ചിലതൊക്കെ അങ്ങനെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. മറ്റൊരു മുറിയില്‍ രാജാവ് ഉപയോഗിച്ച ആയുധങ്ങള്‍ കാണാം. കൊട്ടാരത്തിന്റെ അടിയില്‍ വലിയ ഒരു കുതിരാലയവും ഉണ്ട്. ഇതിനോട് ചേര്‍ന്ന് ചില നിലവറകള്‍ ഞങ്ങള്‍ കണ്ടിരുന്നു. അധികം അകലെ അല്ലാതെ വലിയ അടുപ്പുകള്‍ പോലുള്ള ചില നിര്‍മ്മിതികളും ഉണ്ട്. ഒരുപക്ഷേ, ഭക്ഷണം പാകം ചെയ്തിരുന്നത് ഇവിടെ ആയിരുന്നിരിക്കാം. കൊട്ടാരമുറ്റത്ത് നില്‍ക്കുമ്പോഴും ദൂരെ പീര്‍ പഞ്ച് മലനിരകള്‍ കാണാം. അതിനു താഴെ പച്ചവിരിച്ച താഴ്‌വാരം. കൊട്ടാരത്തിനു ചുറ്റും നിരവധി ദേവദാരു മരങ്ങളുണ്ട്. കാറ്റില്‍ അവ പതിയെ ഇളകിയാടുന്നു. നേര്‍ത്ത സുഗന്ധം അന്തരീക്ഷത്തില്‍ പരക്കുന്നുവോ? കൊട്ടാരത്തിന്റെ മുറ്റത്ത് പുല്ലില്‍ കുറെ ചെറുകിളികള്‍ കൊത്തിപ്പെറുക്കി നടക്കുന്നു. ചിത്രിത ശലഭവും നീലി ശലഭങ്ങളും ഒറ്റയ്ക്കും കൂട്ടമായും പറക്കുന്നു. പുല്ലില്‍ വീണുകിടക്കുന്ന ദേവദാരു ഇലകളില്‍ കയറിനിന്നു ഉറുമ്പുകള്‍ എത്തിനോക്കുന്നു. അവയ്ക്കിടയില്‍ ഒരു സിമന്റു ബെഞ്ചില്‍ മരത്തണലില്‍ ഞങ്ങള്‍ കുറെ നേരം വെറുതെയിരുന്നു. പിന്നെ പലതരം പൂക്കളുടെയിടയിലൂടെ നടപ്പാത ഇറങ്ങി താഴേയ്ക്ക് പോന്നു.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com